
സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സ്വകാര്യ ബസുകൾ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കാനൊരുങ്ങുന്നത്. സമരം ആരംഭിക്കുന്ന തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.
വിദ്യാർഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗതസെക്രട്ടറിയും തമ്മിൽ ഇന്നു നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാലസമരം എന്ന തീരുമാനത്തിലേക്ക് ബസുടമകൾ എത്തിയിരിക്കുന്നത്. ബസുടമകളുടെ ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഇനി സർക്കാർതലത്തിൽ ചർച്ചയ്ക്കുള്ള സാധ്യത നിലനിൽക്കുന്നില്ല എന്നാണ് സൂചന.
വിവിധ ആവശ്യങ്ങളുന്നയിച്ച് ബസുടമകൾ നേരത്തെ സൂചനാപണിമുടക്ക് നടത്തിയിരുന്നു. ജൂലായ് 22 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തെ തുടർന്ന് അത് മാറ്റി വെച്ചിരുന്നു. അതിനുമുൻപ് നടന്ന മന്ത്രിതല ചർച്ചകളും ഗതാഗതസെക്രട്ടറിയുമായുള്ള ചർച്ചകളും നടന്നിരുന്നു. വിദ്യാർഥിസംഘടനകളുമായി ആലോചിച്ച ശേഷം വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കാമെന്ന ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞിരുന്നു.











